Friday, December 10, 2010

ഒരു അന്കൂഷ്യസ് സംശയം

      നാട്ടില്‍ മുറ്റു പാര്‍ടി പ്രവര്‍ത്തനവും അഞ്ചാറു അടിപിടി കേസ്, രണ്ടു കുത്ത് കേസ്, ബസ്സിനു കല്ലെറിയല്‍, വെള്ളമടിച്ചു നടു റോട്ടില്‍ ഐറ്റം ഡാന്‍സ്, കാവ് തീണ്ടല്‍ തുടങ്ങിയ കലാ പ്രകടന പരമ്പര  , എതിരാളികളുടെ വീടിനു മുന്നില്‍ പെടുക്കള്‍, വാള് വക്കല്‍ എന്നിങ്ങനെ  സര്‍വ കല വല്ലഭന്‍ ആയി നടന്ന ഒരു സുഹുര്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം ദുബായില്‍ കണ്ടു മുട്ടി. ആ കണ്ടു മുട്ടല്‍ ഓര്‍ക്കുമ്പോള്‍ തന്നെ കിടുങ്ങല്‍ ആണ് ...സത്യം പറഞ്ഞാല്‍ ഞെട്ടി തരിച്ചു പണ്ടാരം അടങ്ങി.

      ശ്രി.ശ്രി രവിഷങ്കരോ അതോ സ്വാമി വിവേകാനന്ദാണോ ... എന്തൊരു വിനയം എന്തൊരു ഭവ്യത സംസാരം കേട്ടാലോ ബാബു നമ്പൂതിരി തോറ്റു പോവും - എന്തൊരു  ക്ഷമ.

ഞാന്‍ പ്രകോപനം ഇല്ലാതെ അവനെ രണ്ടു തെറി പറഞ്ഞു നോക്കി - പ്രതികരണം ആന്റണിയെ പോലെ..

എന്‍റെ തലയില്‍ ആകെ ഒരു പെരുപ്പ്‌ . ഇവന് എന്തോ സംഭവിച്ചിട്ടുണ്ട് നാട്ടിലെ ഗര്‍ജിക്കുന്ന സിംഹം ഇത്ര പെട്ടെന്ന് വസന്ത വന്ന കോഴിയെ പോലെ ആയതെങ്ങിനെ.? ഇങ്ങനെ ആലോചിച്ചു കൊണ്ടു ഞാന്‍ അവന്റെ കാറില്‍ കയറി ഇരുന്നു. സലലഹ് എന്ന ഒരു സ്ഥലത്തേക്കാണ്‌ യാത്ര. വണ്ടി പാര്‍ക്കിംഗ് സ്ലോട്ടില്‍ നിന്നും പുറത്തെടുക്കാന്‍ നേരത്ത് ഒരു വയസായ ആള്‍ കുറുകെ ചാടി. "ആരുടെ ഇതിന്റെ ഇടയിലേക്ക് നോക്കിയാട നടക്കുന്നെ ..." എന്ന് പ്രതികരിക്കാറുള്ള ഈ പഹയന്‍ വളരെ വിനയത്തില്‍ ബ്രേക്ക്‌ ചവിട്ടി വൃദ്ധനെ നോക്കി "അങ്ങ് പൊക്കോളൂ എനിക്ക് ധൃതി ഒന്നും ഇല്ലേ.." എന്ന അര്‍ത്ഥത്തില്‍ ചിരിക്കുന്നു.. ഞാന്‍ പതിയെ എന്‍റെ തുടയില്‍ ആഞ്ഞു പിച്ചി.. ഞാന്‍ സ്വപ്നം കാണുന്നതാണോ..?

ആകെ അന്കുഷ്യസ് ആയ ഞാന്‍ അവനെ ചൊറിയാന്‍ വേണ്ടി ഒരു ചോദ്യം എറിഞ്ഞു  "ഇന്ത്യ എന്നാണാവോ ഇങ്ങനെ ആവുന്നത്. ?"

അവന്റെ മറുപടി - "ഇന്ത്യ നന്നാവാന്‍ പോണില്ല..അവിടത്തെ ആളുകള്‍ക്ക് അങ്ങനെ ഒരു വിചാരം ഉണ്ടോ.. ഗുട്ക്കയും പട്ട ചാരായവും തിന്നു കണ്ട സ്ഥലതോകെ തുപ്പിയും പെടുത്തും തൂറിയും വക്കും..ചുമരായ ചുമരോക്കെ പോസ്റ്റര്‍ ഒട്ടിക്കും.. കുഴിക്കു ചുറ്റും ടാര്‍ ഇട്ടു റോഡ്‌ എന്ന് വിളിക്കും.. സര്‍ക്കാര്‍ കാര്യത്തിനു കൈ കൂലിയും വാങ്ങിക്കും .. പിന്നെ എങ്ങിനെ നന്നാവാന്‍..കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ഭാര്യയുടെ കൂടെ പോവാന്‍ സമയം ഇല്ലാത്തവന്‍ ഒന്നര മണിക്കൂര്‍ ബിവരജിന്റെ മുന്നില്‍ ക്യു നില്കുന്നു..? ഈ രാഷ്ട്രീയ കാരെ ആദ്യം ചാണക വെള്ളം തളിച്ച് പുറത്താക്കണം .. അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ പാര്‍ടി പ്രവര്‍ത്തകര്‍ പോലും  ഒരു പണിക്കും പോകാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം  നടത്തുന്ന നാട്ടില്‍ എങ്ങിനെ വികസനം വരും..?" അവന്‍ ചോദ്യ ചിഹ്നം എന്‍റെ നേരെ നീട്ടി..

ഞാന്‍ അത് വാങ്ങി കീശയിലിട്ടു എണ്ണാന്‍ തുടങ്ങി .. ചോദ്യ ചിഹ്നം അല്ല നക്ഷത്രം.. 1....2......3.....4.....

നാട്ടില്‍ എങ്ങിനെ വികസനം വരും എന്ന അവന്റെ ചോദ്യത്തെക്കാള്‍ എന്നെ കുഴക്കിയത്  അവന്‍ എങ്ങിനെ ഇങ്ങനെ മാറി എന്ന എന്‍റെ സംശയം ആയിരുന്നു..

എന്‍റെ സംശയത്തിനു ഉത്തരം അറിയാവുന്നവര്‍ ദയവു ചെയ്തു എന്നെ അറിയിക്കൂ..