Saturday, January 8, 2011

ഡിസംബറിലെ നക്ഷത്രം

നാളെ ഡിസംബര്‍ 30. ഓര്‍മകളില്‍ വേദനിക്കുന്ന ഓര്‍മകളുടെ വേലിയേറ്റം. കളിയില്‍ തുടങ്ങി മനസ്സില്‍ ഒരു പാട് വിങ്ങലുകള്‍ ഏല്‍പിച്ച ദിവസം. ഓര്‍മകളുടെ താളുകള്‍ ഏഴു വര്ഷം പുറകോട്ടു മറിയുന്നു..

                                                                   ***********

"എടെ ഇത് നമ്മുടെ ഈ കോളേജിലെ  അവസാന വര്‍ഷമാണ്‌..കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ നമ്മളെ പോലുള്ള തല്ലിപോളികള്‍ ഇവിടെ  ഉണ്ടായിരുന്നു എന്ന് ഒരു കുട്ടി കുഞ്ഞു പോലും ഓര്‍കില്ല അത് കൊണ്ടു എന്തെങ്കിലും കാര്യായി ചെയ്തെ ഒക്കൂ.." ബാക്ക് ബെഞ്ച്‌ പയനിയെര്സ് മെമ്പര്‍ ജോണ്‍ ടീമിന്റെ വ്യാകുലതകളെ കുറിച്ച് ചിന്താകുലനായി .

ബഞ്ചില്‍ പേര് കൊത്തിയത് കൊണ്ടോ ഡിസ്കഷന്‍ റൂമിലെ ചുമരില്‍ പേര് എഴുതിയത് കൊണ്ടോ കാര്യം ഇല്ലെന്നു എനിക്കും തോന്നി തുടങ്ങിയിട്ട് കുറച്ചു കാലം ആയി. ക്രിയാത്മകമായി എന്തെങ്കിലും ചെയ്തെ ഒക്കൂ.. അങ്ങനെ ആണ് കോളേജ് മാഗസീനില്‍ എന്തേലും എഴുതി ചുളിവില്‍ ഫോട്ടോയും പേരും വരുത്തുക എന്ന ചിന്തയിലേക്ക് ടീം ബാക്ക് ബെഞ്ച്‌ പയനിയെര്സ് എത്തി ചേരുന്നത്. അങ്ങനെ അന്നു തന്നെ  ഒഴിവു സമയങ്ങള്‍ കഥയും കവിതയും എഴുതുക എന്ന ഉദ്യമാതിലേക്ക് തിരിഞ്ഞു. അങ്ങനെ മൂന്നു ദിവസത്തിനുള്ളില്‍ നാല് കഥയും എട്ടു കവിതയും മാഗസിന്‍ ബോക്സിലേക്ക് പോയി. എത്ര സ്വാധീനം ചെലുതിയിട്ടും ഒന്ന് പോലും വെളിച്ചം കാണില്ല എന്ന് ആദ്യ റൌണ്ട് ഫില്‍റ്റെര്‍ കഴിഞ്ഞപ്പോഴേ മനസിലായി. ടീമിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ ഇരുന്നു പുകയാന്‍ തുടങ്ങി. 


"നമ്മള്‍ എങ്ങിനെ കഥ എഴുതിയാലും അത് ഇത്രതോളമേ വരൂ.. അത് കൊണ്ടു കഥയോ കവിതയോ എഴുതി പേനയിലെ മഷി കളഞ്ഞത് കൊണ്ടു ഒരു പ്രയോജനവും ഇല്ല ; പാനെലിനു തള്ളി കളയാന്‍ പറ്റാത്ത രീതിയില്‍ എന്തെങ്കിലും ഉടായിപ്പ് കാണിച്ചാലേ രക്ഷയുള്ളൂ.." തത്വക്ഞാനി ലിന്ട അഭിപ്രാപെട്ടു.

അങ്ങനെ കൂലംകുഷമായ ചിന്തയില്‍ നിന്നാണ് അനാഥ കുട്ടികളെ കുറിച്ച് ഒരു ഫീച്ചര്‍ എഴുതിയാലോ എന്ന ആശയം രൂപപെട്ടത്‌. പക്ഷെ ചുമ്മാ എഴുതി അങ്ങോട്ട്‌ ചെന്നാല്‍ പാനെല്‍ ഓടിച്ചു വിടും.. കാരണം നാല് കഥയും കവിതയും അവര്‍ക്ക് ഞങ്ങളുടെ മേലുള്ള അഭിപ്രായം അത്രമേല്‍ കൂട്ടിയിരുന്നു. അതുകൊണ്ട് കുറച്ചു കഷ്ടപെടാന്‍ ഞങ്ങള്‍ തയ്യാറായി. അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരായി ഒരു അഭിമുഖം ഫോട്ടോ സെഷന്‍ എന്നിങ്ങനെ കാര്യ പരിപാടി തയ്യാറായി.

ഞാന്‍ ഞങ്ങളുടെ മാസ്ടെര്‍ പ്ലാന്‍ എന്‍റെ വീട്ടില്‍ അവതരിപിച്ചു. അമ്മയോട് അഭിപ്രായം ചോദിച്ചു.. അമ്മ കുറച്ചു നേരം ആലോചിച്ചതിനു ശേഷം ഒരു റീ ഹാബിട്ടെഷന്‍ സെന്ററിന്റെ അഡ്രസ്‌ എനിക്ക് തന്നു (അമ്മ ICDS ഉദ്യോഗസ്ഥ  ആണ്). ഞാനും കൂടുതലായൊന്നും  ചോദിച്ചില്ല. പിറ്റേ ദിവസം ഞാനും ജോണും ക്യാമറയും മറ്റും എടുത്തു ആ അഡ്രസ്‌ ലകഷ്യമാകി നീങ്ങി.. ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച യാത്രയുടെ തുടക്കം.

അനാഥ മന്ദിരം എന്ന കണക്കുകൂട്ടലില്‍ ഞങ്ങള്‍ എത്തി ചേര്‍ന്നത്‌ തൃശ്ശൂരില്‍ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ മിഷിനറി നടത്തുന്ന ഒരു AIDS റീഹാബിട്ടെഷന്‍ സെന്റെറില്‍ ആണ്. ഒരു നല്ല പൂന്തോട്ടം ഉള്ള ആ സ്ഥാപനത്തിന്റെ മുറ്റത്ത്‌ ഞങ്ങളെ കാത്തു നിന്നത് മരണം എന്ന യാഥാര്‍ത്യത്തെ വെല്ലു വിളിക്കുന്ന മുഖങ്ങള്‍ . ഞങ്ങള്‍ ആരുടേയും മുഖത്ത് നോക്കിയില്ല. 
നേരെ ഓഫീസില്‍ ചെന്ന് അവിടത്തെ മേല്‍നോട്ടം വഹിച്ചിരുന്ന അച്ഛനെ കാണാന്‍ അനുവാദം ചോദിച്ചു .കോളേജിന്റെ ലെറ്റര്‍ പാടില്‍ അടിച്ച റിക്വസ്റ്റ് ലെറ്റര്‍ രിസേപ്ഷനിലെ സിസ്റ്ററെ  കാണിച്ചു. സിസ്റ്റര്‍,  പൂന്തോട്ടത്തില്‍ ഒരു കൊച്ചു കുട്ടിയുമായി കളിച്ചു കൊണ്ടിരിക്കുന്ന ലോഹ ഇട്ട കുറിയ മനുഷ്യന് നേരെ കൈ ചൂണ്ടി.

ആ അച്ഛന്‍ ആണ് ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍.  ഞങ്ങള്‍  അച്ഛനോട് കാര്യം പറഞ്ഞു. കോളേജ് മഗസിനിനു വേണ്ടി ആണെന്നും ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ആണെന്നും പറഞ്ഞപ്പോള്‍ സമ്മതിച്ചു.കൂടെ ഉണ്ടായിരുന്ന കൊച്ചു മിടുക്കിയെ സിസ്റെരെ ഏല്പിച്ചു ആ സ്ഥാപനത്തിന്റെ നടത്തിപിനെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും അച്ഛന്‍ വാചാലന്‍ ആയി.

തുടക്കത്തില്‍ നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍. രോഗികളിലെ രോഗാവസ്ഥ മനസ്സിനെ ഏല്പിക്കുന്ന ആഘാതം .  അവിടെയുള്ള അന്തേവാസികളുടെ ഭക്ഷണം വസ്ത്രം മറ്റു ചിലവുകള്‍  അങ്ങനെ. പക്ഷെ പണം കൊണ്ടു തിട്ട പെടുത്താന്‍ ആവാത്ത കുറെയേറെ സേവനങ്ങള്‍ അവര്‍ ചെയ്യുന്നു.. പ്രതിഫലം ഇചിക്കാതെ.. ഇതിനു വേണ്ടി സ്വയം സമര്‍പ്പിച്ച  ആ മനുഷ്യന്റെ സ്നേഹത്തിനും നല്ല മനസിനും മുന്നില്‍ ഞങ്ങള്‍ മനസ നമിച്ചു.
അദ്ദേഹം ഓരോ അന്ധെവസികളുടെയും രോഗാവസ്ഥയെ കുറിച്ചും സമൂഹത്തില്‍ അവര്‍ അനുഭവിച്ച ഒറ്റ പെടലിനെയും കുറിച് അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ തന്റെ തൊണ്ട ഇടറിയോ എന്ന് സംശയിഅച്ചു.
കുറച്ചു നാളത്തേക്ക് മാത്രം ഒരു പുനരധിവാസം.. പിരിയാന്‍ വേണ്ടി കൂട്ട് കൂടുന്നവര്‍. എങ്കിലും മക്കളും സമൂഹവും തങ്ങളുടെ അവസാന കാലത്ത് നിഷേധിച്ച സ്നേഹവും പരിചരണവും ഏറ്റുവാങ്ങുമ്പോള്‍ രക്തതിനേക്കാള്‍ കട്ടി സ്നേഹത്തിനാനെന്നു അവരുടെ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.  

ഞങ്ങളുടെ മാനസികാവസ്ഥ മനസിലാകിയിട്ടെന്നവണ്ണം അച്ഛന്‍ പറഞ്ഞു "അവര്‍ക്ക് ആരുടേയും സഹതാപം ആവാശ്യമില്ല. സ്നേഹവും കാരുന്ന്യവും ആണ് ആവശ്യം. പക്ഷെ അവിടെ വരുന്നവര്‍ അവര്‍ക്ക് നേരെ ആദ്യം നീട്ടുന്നത് സഹതാപത്തിന്റെ നോട്ടം ആയിരിക്കും." 

സ്വന്തം വീടുകരും മതവും സമൂഹവും കൈ ഒഴിഞ്ഞു മരണ മാകുന്ന നിസ്സഹായവസ്തയിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന മനുഷ്യരുടെ ജീവിത സത്യങ്ങള്‍. അഭ്യസ്ത വിദ്യരും പുരോഗമന വര്‍ഗ്ഗവും എന്ന് സ്വോയം അഹംകരിക്കുന്ന മലയാളിയുടെ  അറിവില്ലായ്മയില്‍ കുരുത്ത ക്രൂരതയുടെ ബലി മൃഗങ്ങള്‍. 
സ്വൊന്തം ഭര്‍ത്താവിന്റെ മൃത് ശരീരത്തിന് പള്ളി സെമിത്തേരിയില്‍ ബ്രുഷ്ടു കല്പിച്ച കഥ പറഞ്ഞപ്പോള്‍ അവിടത്തെ അന്തേവാസിയും രോഗിയും ആയ ബിന്ദു എന്ന സ്ത്രീയുടെ കണ്ണില്‍ എന്ത് വികാരം ആണ് നിറഞ്ഞത്‌ എന്ന് എനിക്ക് അറിയാന്‍കഴിഞ്ഞില്ല. അതെ മനുഷ്യന്‍ അഹംകരിക്കുന്ന പണമെന്ന വസ്തു നോക്ക് കുത്തി ആകുന്ന ഇടം മരണം.. ആ സത്യം ഞങ്ങള്‍ അനുഭവിക്കുക ആയിരുന്നു.. 

ചലനമറ്റു കിടക്കുന്ന രോഗിയെ പരിചരിക്കുന്ന സിസ്റ്റര്‍ മാരെ ഒരു നിമിഷം ഞങ്ങള്‍ ആദരവോടെ നോക്കി.അവരുടെ കാല്‍കഴുകിയ വെള്ളം കുടിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ആണ് ഞങ്ങള്‍ എന്ന തിരിച്ചറിവോടെ.. ആ രോഗിയുടെ ദേഹത്തെ വൃണങ്ങളില്‍ നിന്നും, എന്തിനു ആ മനുഷ്യന്റെ  കണ്ണില്‍ നിന്ന് പോലും പഴുപ്പ് വരുന്നുണ്ടായിരുന്നു . അയാളെ കുളിപ്പിച്ച് പുരതൂ പൌഡര്‍ പൂശുന്നതിനടിയില്‍ തന്റേതായ രീതിയില്‍ സിസ്റ്ററെ സഹായിക്കുക ആണ് മുന്‍പ് അച്ഛന്റെ കൂടെ കളിച്ച ആ പെണ്‍കുട്ടി. അത് കണ്ടപ്പോള്‍ ആ കുട്ടിയുടെ മാനസിക വികാരങ്ങളെ കുറിച്ച് ഞാന്‍ കുറച്ചു നേരം ഞാന്‍ ആലോചിച്ചു. എണ്ണമില്ലാത്ത മരണം കാണാന്‍ വിധിച്ച ഈ പെണ്‍കുട്ടി അച്ഛന്റെ ആരാണ്.. എന്തിനാണ് ഇങ്ങനെ ഈ കുട്ടിയെ ഇവിടെ വിട്ടിരിക്കുന്നത്.. ഏതെങ്കിലും മാനസിക നില തെറ്റിയ രോഗി തന്റെ രക്തം ഈ കുട്ടിയില്‍ കുത്തി വച്ചാല്‍..?
ഹോ ചിന്തിക്കാന്‍ വയ്യ.. 

പക്ഷെ ഇത്രയും മനുഷ്യത്വ മില്ലാതെ ചിന്തിക്കാന്‍ എന്നെ പോലെ സുഖലോലുപതയില്‍ അന്ധനായ മനുഷ്യനെ കഴിയൂ..ദാരിദ്ര്യവും കഷ്ടപാടും അറിയാതെ വളര്‍ന്ന ഞാനും ഒരു കാട്ടാളന്‍ ആയോ..? പക്ഷെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും വില എന്നേക്കാള്‍ അറിയാവുന്നവര്‍ ആയിരുന്നു അവിടുള്ളവര്‍. മരണം എന്ന സത്യത്തിന്റെ മുന്നില്‍ ആണ് മനുഷ്യന്‍ ഊതി കാച്ചിയ പോന്നു പോലെ സ്വയം പരിശുദ്ധന്‍ ആകുന്നതു.
ഞങ്ങള്‍ ഭാരിച്ച ഹൃദയവുമായി ആ പടിയിറങ്ങുമ്പോള്‍ അച്ഛന്റെ കൂടെ കളിച്ചിരുന്ന ആ പെണ്‍കുട്ടി മറ്റു അന്ടെവാസികളുടെ കൂടെ കളിക്കുന്നത് ജോണ്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. അത് കണ്ടു അച്ഛന്‍ 'അത് വേണ്ട' എന്ന അര്‍ത്ഥത്തില്‍ തല വെട്ടിച്ചു കൊണ്ടു പറഞ്ഞു.." മരണം എന്താണെന്ന് അറിയാന്‍ ഉള്ള പ്രായം ആയിട്ടില്ല അവള്‍ക്കു. പക്ഷെ അവളും മരണത്തെ കാത്തിരിക്കുകയാണ്. 

"ഫോട്ടോ എപ്പോ  തരും.." അവളുടെ നിഷ്കളങ്കമാ ചോദ്യത്തിനു ഉത്തരം പറയാന്‍ ഞാന്‍ നിന്നില്ല. 
തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ പിന്നില്‍, "ഫോട്ടോയും മിട്ടായിയും ഒക്കെ ആയി മാമന്മാര്‍ പെട്ടെന്ന് വരാം എന്ന് ജോണ്‍ പറയുന്നത് ഞാന്‍ കേട്ടു.
കണ്ണില്‍ കണ്ണു നീര്‍ പൊടിഞ്ഞത് ഒളിച്ചു വക്കാന്‍ ആണോ എന്ന് എനിക്കറിയില്ല. പക്ഷെ ഞാനും ജോണും പരസ്പരം നോക്കിയില്ല - മിണ്ടിയില്ല.
 ഞങ്ങള്‍ മാറ്റര്‍, മാഗസിന്‍ എഡിറ്റൊര്‍ സജീവന്‍ സാറുമായി സംസാരിച്ചു. അതിയായ പ്രാധാന്ന്യത്തോടെ അത് പ്രസിദ്ധീകരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അത് ഞങ്ങളില്‍ വലിയ സന്തോഷം ഉണ്ടാകിയില്ല. പേര് - പ്രശസ്തി - പണം  ഇതൊന്നും ജീവിതത്തിന്റെ അവസാന വാക് അല്ല എന്ന തിരിച്ചറിഞ്ഞ നിമിഷം .

സത്യം പറഞ്ഞാല്‍ ആ കുറച്ചു ദിവസങ്ങളില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല . കണ്ണടച്ചാല്‍  അന്നു അവിടെ കണ്ട  ഓരോ ജോഡി കണ്ണുകളും വരി വരിയായി തെളിഞ്ഞു വരാന്‍ തുടങ്ങും. 


ആ അച്ഛന്റെയും പ്രതിഫലെച്ച ഇല്ലാതെ രോഗികളെ സ്വന്തം അച്ഛന്‍ / അമ്മ/ മക്കള്‍  എന്ന രീതിയില്‍ പരിചരിക്കുന്ന അവിടത്തെ സിസ്റെര്മാരുടെയും പ്രയത്നത്തിനു അര്‍ഥം നല്‍കണമെങ്കില്‍ AIDS എന്ന മഹാ വിപത്തിനെ കുറിച്ചുള്ള ബോധ വല്കരണം ആണ് വേണ്ടത് എന്ന് തോന്നി. പിന്നീട് അതിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രയത്നങ്ങളില്‍ കോളേജ് മനജ്മെന്റും ഞങ്ങളെ സഹായിച്ചു ഒടുവില്‍ ഞങ്ങളുടെ ലക്‌ഷ്യം ഫല പ്രാപ്തിയില്‍ എത്തി . ഞങ്ങളുടെ ലേഖനം മാഗസീനില്‍ അച്ചടിച്ച്‌ വന്നു..

അതില്‍ വലിയ അക്ഷരത്തില്‍ ഞങ്ങള്‍ എഴുതി..

" AIDS അസന്മാര്‍ഗികള്‍ക്ക് മാത്രം വരുന്ന അസുഖം അല്ല.  പണ്ട് ലോകം കുഷ്ടരോഗികളോട് കാണിച്ച അതെ കാട്ടാള നീതി ആണ് ഇന്ന് AIDS രോഗികള്‍ക്ക് നാം നല്‍കുന്നത്. ഇത് പകരുന്നതിനു കാരണമാകുന്ന അഞ്ചു കാരണങ്ങളില്‍ ഒന്ന് SEX ആയതുകൊണ്ട് മാത്രം ഇത്തരം രോഗികളെ  നമ്മള്‍ പുച്ചിക്കുന്നു.   അല്ലെങ്കിലും 'SEX' എന്ന മൂന്നക്ഷരത്തില്‍ പോലും കൊടിയ അശ്ലീലം കാണുന്ന നമ്മുക്ക് അതും അതിനോട് ബന്ധപെട്ടുള്ളതുമായ എന്തും വാക്കാല്‍ തീണ്ടായ്മ ആണ്. കട്ടെടുക്കാനും ഒളിച്ചു ചെയ്യാനും ആണ് താല്പര്യം. ഒരു ആയുസ്സില്‍ ഏറ്റവും കൂടുതല്‍ ചിന്തിച്ചിട്ടുണ്ടാവുക 'SEX' നെ കുറിച്ചാകും. "SEX" എന്ന്  ഉറക്കെ ഉച്ചരിക്കാന്‍ പോലും നാണിക്കുന്ന ജന വര്‍ഗം.!! വിദ്യാഭ്യാസം കൊണ്ടു മാത്രം ഒരു ജനത പ്രബുധര്‍ ആകണം എന്നില്ല എന്നതിന്റെ ഒന്നാംതരം ദ്രിഷ്ടാന്തം."
  
2003 ഡിസംബര്‍ ൩൦

ആളാകാനും പേരും പ്രശസ്തിയും ആഗ്രഹിച്ചു തുടങ്ങിയ ലക്‌ഷ്യം അതിന്റെ ഫലപ്രാപ്തിയില്‍ ആരംഭ ഉദ്ധേശ ലക്ഷ്യങ്ങളെ അപ്പാടെ നിരാകരിക്കുന്ന രീതിയില്‍ ആക്കിയ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടു മാഗസിന്‍ പതിപ്പുമായി വീണ്ടും ആ സ്ഥാപനത്തിലേക്ക്. 

പക്ഷെ അന്നു ഞങ്ങളെ വരവേല്‍ക്കാന്‍, ഫോട്ടോ കണ്ടു ചിരിക്കാന്‍.. ജോണ്‍ കൊണ്ടു വന്ന മിട്ടായി തിന്നാന്‍..  പൂന്തോട്ടത്തില്‍ ആ കുസൃതി കുടുക്ക ഉണ്ടായിരുന്നില്ല.
അച്ഛന്‍ പറഞ്ഞു " അവള്‍ പോയി.. അങ്ങ് ദൂരെ നക്ഷത്ര കൂട്ടത്തിലേക്ക്.."
                                                                                ****

രണ്ടു കൊല്ലം മുന്‍പ് തൃശൂര്‍ സിറ്റി സെന്റെറില്‍ വച്ചു ഞാന്‍ ജോണിനെ കണ്ടു . അവന്‍ ആകെ മാറിയിരുന്നു. മെലിഞ്ഞിരുന്ന അവന്‍ തടിച്ചു കൊഴുത്തു ചക്ക പൊതു പോലെ ആയിരുന്നു. പക്ഷെ സ്വഭാവത്തില്‍ വലിയ മാറ്റം കണ്ടില്ല .  
പക്ഷെ ഞങ്ങള്‍ ഈ കാര്യം മനപൂര്‍വം സംസാരിച്ചില്ല  .. പക്ഷെ ഇപ്പോള്‍ തൊന്നുന്നു ഇനി അവനെ കാണുമ്പോള്‍ , അവന്റെ കയ്യില്‍ ഉണ്ടെങ്കില്‍ ആ ഫോട്ടോ വാങ്ങണം.. വെറുതെ..  അഹങ്കാരം തോന്നുന്ന വേളയില്‍ ഒന്ന് എടുത്തു നോക്കാന്‍...!!!

                                                                               ******  
ഇന്നും ഇങ്ങു ബാംഗ്ലൂരിലും ഞാന്‍ ക്രിസ്ത്മസ് മാസത്തിലെ ആകാശത്തില്‍ തിരയും - ആ കുഞ്ഞുമാലാഖയെ ..  ഒരു മണിക്കൂര്‍ പോലും തികച്ചു പരിചയമില്ലാതിരുന്നിട്ടും ഒരു ജീവിത കാലം മുഴുവന്‍ ഞങ്ങളെ കടക്കാരാക്കിയ ആ കുഞ്ഞു കുസൃതി കുടുക്കയെ..