Monday, November 1, 2010

കേരളത്തിലെ നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം .. (കേരള പിറവി ദിന Special)

"എനിക്കെന്റെ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കില്‍..." ഇങ്ങനെ ഒരു ആത്മഗതം വിടാത്ത ഒരാള് പോലും ഭൂമിയില്‍ ജനിച്ചു കാണില്ല എന്നാണു  തോനുന്നതു. ഞങ്ങളും അവരില്‍ രണ്ടാളാകുന്നു. ഒരു പാട് നല്ല ഓര്‍മകളുടെ  കേതാരം ആണ് നമ്മുടെയെല്ലാം ബാല്യം .

ആകാശവാണിയിലെ വൈകീട്ടേ വയലും വീടും, ഉച്ചയ്ക്കലത്തെ ചലച്ചിത്ര ഗാനം തുടങ്ങി.. എന്തിനു 11 മണിക്കുള്ള  ദൂരദര്‍ശന്‍  അവതരണ സംഗീതം വരെ ഗ്രിഹാതുരത്വം ഉളവാക്കുന്ന  ഒന്നാണ്.  കാരണം അവയെല്ലാം ഞങ്ങളുടെ ബാല്യത്തെ നിറകൂട്ട്‌ ചാലിച്ചവ ആയിരുന്നു.

 ത്രിസന്ധ്യക്ക്‌ മുത്തശ്ശിയുടെ നാമ ജപം കേട്ടു അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍, അമ്മ തലയിലൂടെ വിരലോടിക്കുന്നത് .. പാടിക്കലില്‍ അച്ഛന്റെ സൈകിളിന്റെ ശബ്ദം കേള്‍കുമ്പോള്‍ മിട്ടയിക്ക് വേണ്ടി ഓടുന്നത് ..ധനുമാസത്തിലെ തിരുവാതിരക്കു അമ്മയുടെ കൂടെ കുളത്തില്‍ കുളിക്കാന്‍ പോയത് . കുളക്കടവില്‍ ഞാനും ദാസനും പരസ്പരം തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണെ ... എന്ന് പറഞ്ഞു കളിയാക്കിയത്. കുംഭമാസത്തിലെ അമ്പലത്തിലെ ഉത്സവത്തിന്‌ ഉത്സവബലി ചോറിനായി ഓടിയത് ..ഓണം, വിഷു ..

എന്തിനു, മീനമാസത്തില്‍ ഞാനും ദാസനും വാര്‍ഷിക പരീക്ഷക്ക്‌ പോകുന്നത് പോലും ഇന്നും മനസ്സില്‍ തേന്‍ നുകരുന്ന ഓര്‍മയാണ് . വീട്ടില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് ഞങ്ങള്‍ പഠിച്ച ഗവണ്മെന്റ് സ്കൂള്‍. മിക്കവാറും ഉച്ചക്കായിരികും പരീക്ഷ. ഊണ് കഴിഞ്ഞു എന്‍റെ അമ്മയുടെ കൂടെയാണ് ഞങ്ങള്‍ രണ്ടു പേരും സ്കൂളില്‍ പോകുന്നത് . ഒരു ഓട്ടോ റിക്ഷ നിന്നാല്‍ നിറഞ്ഞു പോകുന്ന ടാറിട്ട  പഞ്ചായത്ത് വഴിയിലൂടെയാണ് യാത്ര. മകര കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന തുറുവിലെ  വയ്ക്കോല്‍ ഉണക്കാനായി റോട്ടില്‍ വിരിചിടുന്ന പതിവ് ഞങ്ങളുടെ നാട്ടില്‍ ഉണ്ട്‌. അത് ഒരു സ്വര്‍ണ പരവതാനി പോലെ ഞങ്ങളുടെ മുന്നില്‍ കിടക്കും. രാത്രിയിലെ മഞ്ഞില്‍ നനഞ്ഞ്‌ കുതിര്‍ന്ന അവ  മീനവേയിലിന്റെ ചൂടില്‍ ഉണങ്ങി ഒരു തരം ഭ്രമിപ്പിക്കുന്ന മണം പകരും. [(പശുക്കളെ.) പക്ഷെ ഇപ്പോള്‍ ഇതൊക്കെ ആലോചിക്കുമ്പോള്‍ ആ മണം  മനസ്സില്‍ ഒരു പാട് ഓര്‍മകളിലേക്ക് എത്തിക്കുന്നുണ്ട് ].

"എന്തിനാ അമ്മെ ഇങ്ങനെ വയ്ക്കോല്‍ ഇടുന്നത്..?" ഞങ്ങള്‍ ചോദിക്കും

അപ്പോള്‍ അമ്മ പറയും "അത് മക്കള്‍ക്ക്‌ കാലു പൊള്ളാതിരിക്കാന   .., ടാറിട്ട റോട്ടില്‍ ചെരിപ്പിടാതെ നടന്നാല്‍ കാലു പോള്ളില്ലേ..?"
അന്ന് കുട്ടികള്‍ കരഞ്ഞാല്‍ അമ്മമാര്‍ പ്രകൃതിയിലേക്ക് കൈ നീട്ടുമായിരുന്നു. ഗ്രാമത്തിന്‍റെ കളങ്കമില്ലാത്ത കഥകള്‍ പറയുമായിരുന്നു.. അമ്പിളി മാമനെ കാണിച്ചു ചോറൂട്ടിയിരുന്നു..പ്ലാവില കൊണ്ട് കുംബിള് കുത്തി കഞ്ഞി കോരി  തരുമായിരുന്നു..നെല്ലിക്ക തിന്നാന്‍ തന്നു  കിണറ്റില്‍ നിന്ന് വെള്ളം തിളപ്പികാതെ വായില്‍ ഒഴിച്ച് തന്നു
മധുരമുണ്ടോ എന്ന് ചോദിക്കുമായിരുന്നു.. അന്ന് ഒരു കുട്ടിക്കും 'Infection' വന്നതായി കേട്ടിട്ടില്ല ..

ആന്നു പ്രകൃതിയോടു ചേരാന്‍  പ്രേരിപ്പിക്കുന്ന ആ അമ്മമാരെവിടെ ? ഇന്ന് സ്വന്തം കുട്ടികളുടെ കാലില്‍ റീബോക്ക് ഷൂ ഇടാന്‍ കല്പിക്കുന്ന അമ്മമാരെവിടെ..? .. ഈശ്വര.. ഒരു പാട് നന്നിയുണ്ട് ആ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള അമ്മമാരുടെ മക്കളായി പിറക്കാന്‍ അനുഗ്രഹിച്ചതിന് ..

                                                         ************
ഇത് പോലെ തന്നെ ആണ് അന്നത്തെ ആളുകളുടെ നാടന്‍ ഭാഷയിലുള്ള ഒഴുക്കുള്ള സംസാരവും. ഞങ്ങള്‍  അമ്പലത്തില്‍ പോകുന്ന  വഴിയില്‍ ഒരു വാരരുടെ വീടുണ്ട്.. എന്നും അമ്പലത്തില്‍ പോകുമ്പോള്‍ വയസ്സായ വരരു പൂമുഖത് ഇരിപുണ്ടാവും എന്നിട്ട് ഒറ്റ ചോദ്യം ആണ്.. നിങ്ങള് വടക്കേലെ പിള്ളേരല്ലേ.. എങ്ങട്ടാ ഈ സമയത്ത്..?"  ഇത് കേട്ടു ദാസന്‍ പറയും "വാര്യതെക്ക് വന്നത് തന്ന്യ..." വാരരു മാഷ്‌ ചിരിക്കും..

പിന്നെ ഒരു നന്തപ്പന്‍ മാഷുണ്ട്. മാഷോന്നും അല്ല എങ്കിലും അങ്ങേരെ എല്ലാവരും മാഷേ എന്നാണു വിളികുക. വികട സരസ്വതി ഇങ്ങനെ വിളയാടിയിട്ടുള്ള ഒരു മനുഷ്യനെ ലോകത്ത് കാണാന്‍ പറ്റില്ല. മൂപ്പര്‍ കല്ല്യാണം ഒന്നും കഴിച്ചിട്ടില്ല. ഭയങ്കര സ്ത്രീ വിരോധി ആണ് .എന്നാലും  സ്ത്രീകളെ പറ്റി ചോദിച്ചാല്‍ ഇത്ര ആധികാരികതയോടെ ഉത്തരം പറയുന്നവര്‍ കുറവായിരിക്കും. അശ്ലീല ഹാസ്യം മേമ്പൊടി ചേര്‍ത്ത് കവിത രൂപത്തില്‍ ആയിരിക്കും ആളുടെ മറുപടി എന്ന് മാത്രം .

"എനിക്ക് വേണ്ട ബഹു നാരി സേവ മടുത്തു ഞാന്‍ ഒരു നാരി മൂലം..
.(കടുത്ത അശ്ലീലം)
               .
ചേര ചത്ത്‌ ചളിയില്‍ കിടപ്പതോ
ചേന പൂത്തു മണം ഉല്ലസിപ്പതോ
കാലി ചത്ത്‌ കഴു നായ് വലിപ്പതോ
വാരിയ തരുണി താറഴിച്ചതോ..."

ഇതാണ് അങ്ങേരുടെ കവിതയുടെ ഒരു സ്റ്റൈല്‍..

അഴകിയ രാവണന്മാരെ കാണുമ്പോള്‍ അങ്ങേരുടെ സ്ഥിരം ഒരു കവിത ഉണ്ട്‌

"കുട്ടന്‍ കുളിച്ചു കുറിയിട്ടു
വട്ടിക്കു മേല്‍ കസവുള്ള മുണ്ട് ചുറ്റി
ആടികുഴഞ്ഞു കുഴലൂതി വരുന്ന കണ്ടാല്‍
കാലക്രമേണ തറവാട് മുടിഞ്ഞു പോകും "

വ്യ്കീട്ടു അമ്പല മുറ്റത്തെ ആല്‍ത്തറയില്‍ ഇരുന്നു കളത്തിലേക്ക്‌ കല്ലെറിഞ്ഞു ഓളം വെട്ടിച്ചു രസിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വെടി വട്ടങ്ങള്‍ ഞങ്ങളുടെ ബാല്യത്തെ ഒരു പാട് നിറമുള്ളതാകിയിട്ടുണ്ട് .. ഇന്നത്തെ പല  കുട്ടികള്‍ക്കും അന്ന്യം ആകുന്ന പലതും..

 "ഇതിലൊക്കെ എന്തിരിക്കുന്നു ഭാവി നശിച്ചു പോകും എന്നതല്ലാതെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല." എന്ന് പറയുന്നവര്‍ ഉണ്ടായിരിക്കാം. എതിര്‍ക്കുന്നില്ല.. എങ്കിലും ഒന്നും ചോദിച്ചോട്ടെ ഒരു പാട് കഷ്ടപ്പെട്ട് സമ്പാതിച്ചു സമ്പാതിച്ചു ഒടുവില്‍  മരിക്കുമ്പോള്‍ - ശരീരം  ദരിദ്രനായി ചിതയില്‍ കിടകുംപോള്‍ (ആഭരണങ്ങള്‍ അണിഞ്ഞു പ്രൌഡിയോടെ ചിതയില്‍ പോകാന്‍ ഈജിപ്തിലെ മമ്മികള്‍ക്കെ പറ്റിയിട്ടുള്ളൂ) മനസ്സ് കൊണ്ടെങ്കിലും സമ്പന്നനാകന്‍ ഇങ്ങനെയൊരു ബാല്യം വേണ്ടേ സുഹുര്ത്തെ..?

ചുമ്മാ പരദൂഷണവും വെടിവട്ടവും ആയി നടക്കാതെ പോയി നിന്റെ പണി നോക്കിഷ്ട എന്ന് പറയുന്നവര്‍ക്കായി  ഞങ്ങളുടെ നന്തപ്പെട്ടന്റെ* ഒരു പരദൂഷണ (സ്ത്രീകള്‍ക്കെതിരെ എന്ന് കൂടി ചെര്‍കണം) കവിത  കൂടി സമര്‍പ്പികട്ടെ

"കാണണം നിത്യവും ..കാണുമ്പോള്‍ നാണിക്കും
കാണാതിരുന്നാല്‍ പിണക്കമാകും
എന്നും പിരിയുമ്പോള്‍ നാളെ പറയുവാന്‍
എന്നോടവള്‍ക്കുണ്ട് നൂറു കൂട്ടം
മാധവി ചേച്ചീടെ ചെറ്റപ്പുര വാതില്‍
മാധവന്‍ ചേട്ടന്‍ തുറന്ന കാര്യം
ആളൊരു വല്ലാത്ത പുള്ളിയാനെന്നത്
മാധവി ചേച്ചി തന്നോട് ചോന്ന കാര്യം
ഹിന്ദി പഠിപ്പിക്കും മാഷെന്ന് കേള്‍കുമ്പോള്‍
ഇന്ദുമതിയുടെ പാരവശ്യം
ചന്ദ്രിക കോളേജില്‍ പോയിവരും നേരം ചന്ദ്രനെതിരെ വന്ന കാര്യം..
......................................
ഒരു ഗ്രാമീണ പെണ്‍കൊടിയെ കുറിച്ച്, അവളുടെ നാണം കലര്‍ന്ന പരദൂഷണ പ്രിയത്തെ ഇത്രേം മനോഹരമായി നാടന്‍ ശൈലിയില്‍  ഇങ്ങനെ പറയുന്ന  കാമുകാ- നന്തപ്പേട്ട, നിങ്ങളെയും ഒരുപാട് സ്ത്രീകള്‍ മോഹിചിരുന്നിരിക്കണം...

സ്വന്തം ഗ്രാമത്തെ കുറിച്ച് ആലോചിച്ചാലും എഴുതിയാലും അത് ഒരിക്കലും തീരില്ല.. എത്ര വായിച്ചാലും വായിക്കുന്നവന് മടുപ്പും വരില്ല.. അത് എഴുത്ത് കാരന്റെയോ അയാളുടെ  വരികളുടെയോ മാജിക്കല്ല. സ്വന്തം നാടിന്റെ വാത്സല്ല്യം ആണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ..

എല്ലാവര്ക്കും ഞങ്ങള്‍ - ദാസന്റെം  വിജയന്റെം  കേരള പിറവി ദിന ആശംസകള്‍

*അങ്ങേര്‍ പാടികൊണ്ട് നടക്കുന്ന കവിത എന്നെ ഉദേശിചിട്ടുള്ളൂ.. കോപ്പി റൈറ്റ് നൂലാമാലകളും കൊണ്ട് അങ്ങരെ പോയി വിഷമിപ്പിക്കരുത്.

# കവിതയും കന്റെന്റും മോട്ടിക്കരുത് .. പ്ലീസെ .. ചോദിച്ചാല്‍ വേറെ തരാം