ഞങ്ങള്‍ ദാസന്‍ - വിജയന്‍. ഇരട്ട തിരകഥകൃത്തുക്കള്‍ ഇരട്ട സംവിധായകര്‍ എന്നത് പോലെ ഇരട്ട ബ്ലോഗ്ഗര്‍മാര്‍ ഉണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല കാരണം ബ്ലോഗ് പോയിട്ട് ഹോട്ടലിന്റെ ബില്‍ പോലും ഞങ്ങള്‍ വായികാറില്ല, കൂടെയുള്ളവര്‍ അത് കൊടുക്കുമ്പോള്‍ ഞങ്ങള്‍ എന്തിനു അത് വായികണം ?
പേര് കേട്ട് ഞങ്ങള്‍ക്ക് സത്യന്‍ അന്തികാടിന്റെ ദാസനും വിജയനുമായി വല്ല ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്ന് പറഞ്ഞാല്‍ ശ്രീനിവാസന്‍ ഞെട്ടും. കാരണം അങ്ങേരുടെ കഥകളെല്ലാം മോഷണവസ്തുക്കള്‍ ആണെന്ന് പറഞ്ഞു ഉടമസ്ഥര്‍ വന്നു കൊണ്ടിരിക്കുന്ന കാലമാണല്ലോ. സിദ്ധിക് ലാല്‍ ഇപ്പോഴേ ക്യു വില്‍ ഉണ്ട്. അത് കൊണ്ട് 'ഇല്ല' എന്നാണ് ഞങ്ങളുടെ ഉത്തരം. ഇനി ഇവന്മാരെല്ലാം പേരിന്റെ റൈറ്റ്സ് ചോദിച്ചു വരുമോ എന്ന് ഒരു പേടി ഉണ്ട്. ശ്രീനിവാസന്‍ പണ്ട് ഏതോ സിനിമയില്‍ പറഞ്ഞിട്ടുണ്ട്, പേരും ഭാഷയും ആരുടേയും കുത്തകയല്ല എന്ന് . ആ ധൈര്യത്തിലാണ് ഇങ്ങനെ ഒരു പേര് സ്വീകരിച്ചത്. അപ്പോള്‍ യഥാര്‍ത്ഥ പേരല്ലേ ഇത് എന്ന് നിങ്ങള്‍ സംശയിച്ചേക്കാം..
അല്ലെങ്കിലും 2 പെരിലെല്ലാം എന്തിരിക്കുന്നു.
ഞങ്ങളുടെ നാട്ടിലെ അറിയപെടുന്ന ബ്ലോഗ്ഗ് എഴുത്തുകാരനും കമ്പ്യൂട്ടര്‍ പരിക്ഞാനിയും ആണ് കുട്ടന്‍. ഏകാന്തത ഇഷ്ടപെടുന്നു എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവി കൂട്ടുകാരുടെ കൂടെ മതിലിന്റെ പുറത്തിരുന്നു ഡൈലോഗ് പറയുന്നതാണ് മൂപ്പരുടെ പ്രധാന ഹോബ്ബി. ആ വെടിവട്ടതിനിടയില്‍ നിന്നാണ് ജന്മനാല്‍ കുനിഷ്ട് ബുദ്ധിയുടെ ആശാനായ വിജയന്‍, ബ്ലോഗ്ഗ് ഒരു സംഭവം ആണെന്നും അത്യാവശ്യത്തിനു സ്വയം പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയ പരിപാടിയാണെന്നും കുറെ പിന്തുടര്‍ച്ചക്കാര്‍ ഉണ്ടെങ്കില്‍ പരസ്സ്യതിലൂടെ പൈസ ഉണ്ടാക്കാമെന്നും മനസിലാക്കുന്നത്. പൈസ ഉണ്ടായില്ലെങ്കില്‍ പോലും അത്യാവശ്യത്തിനു പെമ്പിള്ളേര്‍ നമ്മളെ മൈന്‍ഡ് ചെയ്യുമല്ലോ എന്ന ചിന്തയായിരുന്നു ദാസന്. പണ്ടേ അവന്‍ ഒരു സ്ത്രീ ലംബടന്‍ ആണെന്നാണ് വിജയന്‍റെ വാദം. അങ്ങനെ സ്വന്തമായി ബ്ലോഗ്ഗ് എഴുതാന്‍ ദാസനും വിജയനും തീരുമാനിച്ചു. കുഞ്ഞന്‍ പണിക്കാരെ കണ്ടു നല്ല സമയം എഴുതി വാങ്ങി.
ചുമ്മാ കമ്പ്യൂട്ടര്‍ തുറന്നാല്‍ ബ്ലോഗ്ഗ് ഉണ്ടാവില്ല എന്ന സത്യം മനസ്സിലാകിയപ്പോഴാണ് ഈ എഴുത്ത് പരിപാടി ഔട്ട് സോര്‍സ് ചെയ്താലോ എന്ന് ചിന്തിച്ചത്.. അങ്ങനെ നാട്ടിലെ കലാസമിതി സ്കൂളില്‍ കുറെ കാലം പഠിപ്പിച്ചു പരാജയമുള്ള അല്ല പരിചയം ഉള്ള ഒരു എഴുത്തുകാരനെ തപ്പി എടുക്കുന്നത്. (അക്ഷരതെറ്റോ ഗ്രാമര്‍ തെറ്റോ ഉണ്ടെങ്കില്‍ അങ്ങേരെ തെറി വിളിക്കണം എന്ന് അപേക്ഷ ) ഒടുവില്‍ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ ബ്ലോഗ്ഗ് ജനിച്ചു .
സമകാലീന സംഭവങ്ങള്‍ കീറി മുറിച്ചു മസാല ചേര്‍ത്ത് ബ്ലോഗ്ഗ് ചെയുതു, ഓണ്‍ ലൈനില്‍ തെറി വിളി കേള്‍കാന്‍ താല്പര്യമില്ലാത്തത് കൊണ്ടും ക്വോട്ടഷന്‍ കാരുടെ നോട്ട പുള്ളികള്‍ ആവാനുള്ള ധൈര്യമില്ലത്തതുകൊണ്ടും ഞങ്ങള്‍ വഴി ഒന്ന് മാറ്റി പിടിക്കുകയാണ്. ഞങ്ങളുടെ ഇന്നലെകള്‍, ആ ഇന്നലകളിലെ ലോകം ഇതൊക്കെ ഖണ്ടശയായി പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്നതാണ് ഈ ബ്ലോഗ്ഗ്. മുളകുന്നത്തുകാവ് ഗ്രാമത്തിലെ ഒരു പാട് വിദ്വാന്‍മാര്‍ ഇതിലൂടെ വന്നേക്കാം. നിങ്ങളെ മനസിലാകുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. (പെമ്പിള്ളെരുടെ വീട്ടുകാരോട് - നിങ്ങള്‍ക്ക് ഞങ്ങളെ മനസിലാകുന്നതില്‍ പറ്റിയ തെറ്റ് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. )
ആതെ, ഒരു ഗ്രാമത്തിന്‍റെ കഥകളും പാരകളും വായ്നോട്ട പരമ്പരകളും പരദൂഷണങ്ങളുമായി ഞങ്ങളും ഓണ്‍ ലൈനില്‍ എത്തുന്നു ...നിങ്ങളുടെ ദാസനും വിജയനും